പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു മുൻഗണന നൽകിയ മഹത്തായ ജനാധിപത്യ പാരമ്പര്യമാണ് ഇന്ത്യയുടേത്. ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മഹാത്മാഗാന്ധിയും ചേർന്ന് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോൾ "ഒരാൾക്ക് ഒരു വോട്ട്, ആ വോട്ടിന് ഒരേ മൂല്യം' എന്ന ഭരണഘടനാ തത്വം യാഥാർഥ്യമായി.
എന്നാൽ, ഇന്ന് ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം കാര്യസാധ്യത്തിനായി വശംവദരാക്കുകയും, ജനവിധിയെ അട്ടിമറിക്കാൻ ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി അവരെ മാറ്റുകയും ചെയ്യുന്ന ഭയാനകമായ ദുരവസ്ഥയ്ക്കാണ് ഭാരതം സാക്ഷ്യംവഹിക്കുന്നത്.
നിയമനത്തിലെ അട്ടിമറി-2023ലെ നിയമം
ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത ആരംഭിക്കുന്നത് അതിന്റെ തലപ്പത്തുള്ള കമ്മിഷണർമാരുടെ നിയമനത്തിലൂടെയാണ്. ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിന് പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന് വ്യവസ്ഥയുണ്ട്.
2023 മാർച്ച് 2-ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒരു ചരിത്ര വിധി പുറപ്പെടുവിച്ചു. പാർലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ സമിതിയായിരിക്കണം എന്നായിരുന്നു വിധി.
എന്നാൽ ആ വിധിയുടെ നിഷ്പക്ഷതയെ മറികടക്കാൻ 2023 ഡിസംബർ 12ന് കേന്ദ്ര സർക്കാർ നിയമം പാസാക്കി. അതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ സമിതിയിൽ നിന്ന് പുറത്താക്കി, പകരം പ്രധാനമന്ത്രി നോമിനേറ്റ് ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി. മൂന്നംഗ സമിതിയിൽ ഭൂരിപക്ഷം ഭരണപക്ഷത്താകുന്നതോടെ, തങ്ങൾക്ക് ഇഷ്ടമുള്ളവരെമാത്രം തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്ത് നിയമിക്കാൻ വഴിതുറന്നു.
ഫോം ആറി ലെ മാറ്റവും സുപ്രീംകോടതിയുടെ പരാമർശവും
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയുടെ മറവിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റപ്പെട്ടു. പുതിയ വോട്ട് ചേർക്കാനുള്ള ഫോം ആറിനോടൊപ്പം ഒരു അധിക ഡിക്ലറേഷൻ കൂട്ടിച്ചേർത്തതാണ് വിവാദമായത്. അതിന് സുപ്രീംകോടതി അനുമതിയില്ലെന്നതും പിന്നീട് തെളിഞ്ഞു. ഇതിനിടെ കമ്മിഷനിലെ അഭിപ്രായവ്യത്യാസങ്ങളും പുറത്തുവന്നു.
സെക്ഷൻ 16- വിവാദമായ നിയമപരിരക്ഷ
ഈ വിവാദങ്ങൾക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ് 2023ലെ പുതിയ നിയമത്തിലെ സെക്ഷൻ 16. ഇതനുസരിച്ച് പദവിയിൽ ഇരിക്കുമ്പോൾ മാത്രമല്ല, സ്ഥാനമൊഴിഞ്ഞ ശേഷവും കേസ് എടുക്കാൻ കഴിയില്ല. ഔദ്യോഗിക കൃത്യമാണെന്ന് തോന്നിപ്പിക്കുന്ന പ്രവൃത്തിക്കും സംരക്ഷണം ലഭിക്കും. സാധാരണയായി പൊതുസേവകർക്കുള്ള സംരക്ഷണ നിയമങ്ങളിൽ "നല്ല വിശ്വാസത്തിൽ ചെയ്ത പ്രവൃത്തി' എന്ന് നിബന്ധനയുണ്ട്. അതും ഒഴിവാക്കിയിരിക്കുന്നു എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആറ് സംസ്ഥാനങ്ങളിലെ ആരോപണങ്ങൾ-ഒരു പഠനം
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളുടെ മറവിൽ ക്രമക്കേട് നടന്നതായി പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നു. ഇവയെല്ലാം ആരോപണങ്ങളാണ്, എന്നു പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചേക്കാം. പക്ഷെ ഇതിനെല്ലാം മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. പ്രാദേശിക തലത്തിൽ ബിഎൽഒമാർ വീടുകളിൽ നേരിട്ടെത്തി നടത്തിയിരുന്ന സർവേകൾക്ക് പകരം ഡൽഹിയിലിരുന്ന് അൽഗോരിതം ഉപയോഗിച്ച് വോട്ടുകൾ നീക്കം ചെയ്യുന്നു എന്നതാണ് പ്രധാനമായി ഉന്നയിക്കുന്നത്.
വോട്ടർപട്ടികയിലെ ഈ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി 2025 മുതൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധി ഉന്നയിച്ചത് വെറും രാഷ്ട്രീയ ആരോപണമല്ല, മറിച്ച് സ്ഥാപനത്തിനുള്ളിലെ യാഥാർഥ്യമായിരുന്നു എന്ന് ഇതോടെ തെളിഞ്ഞു. നിയമന പ്രക്രിയയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടങ്ങുന്ന നിഷ്പക്ഷ സമിതിയെ തിരിച്ചുകൊണ്ടുവരികയും, വോട്ടർ പട്ടികയിലെ ആശങ്കകൾ പരിഹരിക്കുകയും ചെയ്തെങ്കിൽ മാത്രമേ ജനവിശ്വാസം വീണ്ടെടുക്കാനാകൂ.
നമ്മുടെ ചോദ്യം
ഒരു ഗ്രാമത്തിലെ സാധാരണ വോട്ടറെ സംബന്ധിച്ച് കാര്യം വളരെ ലളിതമാണ്: തന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടാകണം. അത് അന്യായമായി വെട്ടിമാറ്റപ്പെട്ടാൽ ചോദ്യംചെയ്യാൻ തനിക്ക് അവകാശമുണ്ടാകണം. വോട്ടവകാശം അപഹരിക്കുന്നവർക്ക് ആജീവനാന്ത കവചം ഉണ്ടാകരുത്.
ജനാധിപത്യത്തിൽ അവസാന വാക്ക് വോട്ടറുടേത് തന്നെയായിരിക്കണം. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും പൗരന്റെ അവകാശങ്ങളും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾ ചരിത്രത്തിൽ പൊൻഅക്ഷരങ്ങളാൽ അടയാളപ്പെടുത്തപ്പെടും. ആ പോരാട്ടവീഥികളിൽ മുൻനിരയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞു എന്നത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.
ഭരണഘടനയും പൗരന്റെ വോട്ടവകാശവും സംരക്ഷിക്കപ്പെടുന്നതുവരെ ഈ പോരാട്ടവും സമരങ്ങളും തുടർന്നു കൊണ്ടേയിരിക്കും.